Hero Image

ശ്രീ സോമേശ്വരി ക്ഷേത്രം -പിലിക്കോട് തെരു

ശ്രീ രയരമംഗലം ക്ഷേത്രവുമായി അഭ്യേദമായ ബന്ധമുള്ള ഉപക്ഷേത്രമാണ് പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രം.ഉദ്ദേശം 700 വര്‍ഷത്തെ പഴക്കമുണ്ട് പത്മശാലിയ സമുദായത്തിന്റെ ഈ ക്ഷേത്രത്തിനെന്നാണ് അനുമാനിക്കുന്നത്.ആന്ധ്രപ്രദേശ്,തമിഴ്‌നാട്,കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും പട്ടവസ്ത്രങ്ങള്‍ നെയ്യുന്നതിനായി ചിറക്കല്‍ കൊട്ടാരത്തിലെത്തിയവരായിരുന്നു പൂര്‍വ്വികര്‍.ഇവരുടെ മുന്‍തലമുറ ബ്രാഹ്‌മണര്‍ ആയിരുന്നുവെന്നും മാംസം കഴിച്ചതിന്റെ പേരില്‍ ബ്രാഹ്‌മണത്വം നഷ്ടപ്പെട്ടതാണെന്നും പുരാവൃത്തം.

അങ്ങിനെ ചിറക്കല്‍ തമ്പുരാന്റെ അപ്രീതിക്ക് കാരണമായ ഇവര്‍ 14 നഗരങ്ങളില്‍ പറിച്ചുനടപ്പെട്ടു.കൂട്ടംകൂട്ടമായി തെക്ക് ദിക്കിലെക്കും ഒരു വിഭാഗം വടക്കുദിക്കിലേക്കും യാത്രയായി.കുലത്തൊഴിലായ നെയ്ത് കൂട്ടമായി ചെയ്യേണ്ട പ്രവൃത്തിയായതിനാല്‍ ഇവര്‍ കൂട്ടമായി താമസിച്ചെന്നും അത് തെരുവെന്ന് അറിയപ്പെടുകയും ചെയ്തു.പിന്നീട് പിതൃസ്ഥാനം കല്‍പ്പിക്കുന്ന ശല്യമഹര്‍ഷിയുടെ കുലം സ്വീകരിക്കുകയും ശാലിയര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തുവത്രേ.വടക്ക്ഭാഗത്തേക്ക് പ്രയാണം നടത്തിയവരെ ഇടങ്കരെന്നും തെക്കുഭാഗത്തു പോയവര്‍ വലങ്കരെന്നും അറിയപ്പെടു.ചിറക്കലില്‍ നിന്ന് മാടായിക്കാവിലേക്കും അവിടെ നിന്ന് ഏഴിമലയിലേക്കും ആ വഴി ഇടയിലക്കാടേക്കും തുടര്‍ന്ന് ഉദിനൂര്‍ കൂലോത്തേക്കും ഇവരില്‍ ഒരു വിഭാഗം പ്രയാണമാരംഭിച്ചു.ഒടുവിലായാണ് പിലിക്കോട് എത്തുന്നത്.

ഇടങ്കരുടെ പതിനാല് പ്രധാനക്ഷേത്രങ്ങളിലൊന്നാണ് പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രം.സോമമുനി പ്രതിഷ്ഠിച്ചതിനാലാണ് ഇങ്ങനെ ഒരു പേരെന്നും പറയപ്പെടുന്നു.സോമേശ്വരന്റെ ഭാര്യ ശ്രീപാര്‍വ്വതി(സൗമ്യഭാവം) ആണ് ഇവിടുത്തെ സങ്കല്‍പ്പം.രയരമംഗലത്ത് ദേവിയുടെ സഹോദരി സങ്കല്‍പ്പമാണ് സോമേശ്വരി ദേവിക്ക്.രയരമംഗലത്തമ്മയുടെ ഇടതുവശത്തായി സോമേശ്വരി കുടികൊള്ളുന്നു.എല്ലാവര്‍ഷവും മീനമാസത്തിലെ പൂരോത്സവ വേളയിലാണ് രയരമംഗലം ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പ്രധാന ചടങ്ങുകള്‍ നടക്കുന്നത്.പൂരോത്സവത്തില്‍ അശ്വതി നാളില്‍ രയരമംഗലത്ത് ദേവിക്ക് ചാര്‍ത്താനുള്ള ചിറ്റാട(തിരുവുടയാട) സോമേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് സമര്‍പ്പിക്കെണ്ടത്.

ഏഴ് ദിവസത്തെ പൂരമാണ് സോമേശ്വരി ക്ഷേത്രത്തിലുള്ളത്.പൂരോത്സവത്തിന്റെ ഒന്നാം ദിവസം രാത്രി ആചാരസ്ഥാനികരും വാല്യക്കാരും അടങ്ങുന്ന പുരുഷാരം വാദ്യമേള സമേതം വടക്കേം വാതിലില്‍ വന്നു സോമേശ്വരി ദേവിയെ തെരു ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുപോകുന്നു.ഓലക്കുടയിലാണ് ദേവി എഴുന്നള്ളിയതെന്നാണ് വിശ്വാസം.പൂരംകുളിയുടെ തലേദിവസം രാത്രി അതായത് ആറാം പൂരദിവസം സോമേശ്വരി ദേവിയെ തിരിച്ച് രയരമംഗലത്തേക്ക് ആനയിച്ച് എഴുന്നള്ളിക്കുന്നു.കൂടാതെ കാര്‍ത്തിക നാളിലും രോഹിണി നാളിലും തെരുവില്‍ നിന്നും പൊറാട്ട് രയരമംഗലം ക്ഷേത്രത്തിലെത്തണം.ഒപ്പം രോഹിണി നാളില്‍ പുലര്‍ച്ചെ രയരമംഗലത്തെ പൂരക്കളി എന്നിവയും സോമേശ്വരി ക്ഷേത്രം നിര്‍വഹിക്കേണ്ട ആചാരങ്ങളാണ്.

ഏപ്രില്‍ 8 പ്രതിഷ്ഠാ ദിനം,മെയ് 4 നാഗപ്രതിഷ്ഠ ദിനം,കര്‍ക്കിടകം 18 ന് മാരിയകറ്റല്‍ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങള്‍.തുലാം 23,24 തീയ്യതികളിലാണ് സമീപത്തെ ഉപക്ഷേത്രത്തില്‍ കളിയാട്ടം നടക്കുന്നത്.