പിലിക്കോട് ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറന്‍ അതിരിലൂടെ ഒഴുകുന്ന എതിര്‍പ്പുഴയുടെ ഓരത്ത് പിലിക്കോട് വയലിലാണ് ഈ ദേവസ്ഥാനം.മാലാംമൊയോന്‍ നാല്‍പ്പത്തിനാല് ഇല്ലങ്ങളിലൊന്നായ മൂത്തല്‍ മൊയോന്റെ തറവാടാണ് ഇത്.മടിയന്‍ കോവിലകത്ത് ഭഗവതിയുടെ ആഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഈ ദേവസ്ഥാനത്തിന്റെ പുരാവൃത്തം.തിരുവാഭരണം വേഗത്തില്‍ കണ്ടെടുക്കുവാന്‍ തമ്പുരാന്‍ പ്രദേശത്തെ മുഴുവന്‍ കാവുകളിലെയും ക്ഷേത്രങ്ങളിലെയും കോമരങ്ങളെയും വെളിച്ചപ്പാടന്മാരെയും വിളിച്ച് ചേര്‍ക്കുകയും ഒരാഴ്ച്ചക്കുള്ളില്‍ വ്രതമെടുത്ത് വെളിപാട് നടത്തി തിരുവാഭരണം എവിടെയുണ്ടെന്നറിയാന്‍ കല്‍പ്പിക്കുകയും ചെയ്തു.
അന്ന് മാണിക്കോത്ത് താമസിക്കുന്ന മൂത്തല്‍ വെളിച്ചപ്പാടന് വെളിപാടുണ്ടാവുകയും കോവിലകത്ത് ചെന്ന് തിരുവാഭരണം ക്ഷേത്രശാന്തിയുടെ പത്തായത്തിലുണ്ടെന്ന് അറിയിക്കുകയും ചെയ്തു.ബ്രാഹ്‌മണ മേധാവിത്വം കൊടികുത്തി വാണിരുന്ന ആ കാലത്ത് ബ്രാഹ്‌മണ ശാപത്തെയും മാടമ്പി ആക്രമണത്തെയും ഭയന്ന വെളിച്ചപ്പാട്,തന്റെ വെളിപാട് സത്യമെന്ന് തെളിഞ്ഞപ്പോള്‍ അവിടെ നിന്നും പലായനം ചെയ്ത് പിലിക്കോട് ശ്രീ രയരമംഗലത്ത് അഭയം പ്രാപിക്കുകയും ദേവി അനുഗ്രഹത്താല്‍ ഭഗവതിയെ ആരാധിച്ച് പരിപാലിക്കുവാന്‍ ഇടം നേടുകയും ചെയ്തു.ആ സ്ഥാനമാണ് ഈ തറവാട്.
പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രവുമായും രയരമംഗലം ക്ഷേത്രവുമായും ഈ തറവാടിന് അഭ്യേദമായ ബന്ധമാണുള്ളത്.എല്ലാവര്‍ഷവും രയരമംഗലത്ത് പുത്തരിയുത്സവത്തിന് വെടിവഴിപാട് നടത്തിവരുന്നത് ഈ തറവാട്ടുകാരാണ്.ഒപ്പം ക്ഷേത്രത്തിലേക്ക് അടിമപ്പണ സമര്‍പ്പണവും നടത്തി വരുന്നുണ്ട്.തറവാട്ടില്‍ നിത്യദീപത്തിന് പുറമെ സംക്രമാരാധന,നിറ,പ്രതിഷ്ഠാദിനം,ആയില്യം എന്നിവയും നടത്തി വരുന്നു.അഞ്ചാണ്ടിലൊരിക്കല്‍ മീന മാസത്തിലാണ് കളിയാട്ടം നടത്താറുള്ളത്.പുന്നക്കാല്‍ ഭഗവതിയാണ് ധര്‍മ്മ ദൈവം.ഒപ്പം ഉച്ചൂളിക്കടവത്ത് ഭഗവതി, ആയിറ്റി ഭഗവതി,പടുവളത്തിങ്കല്‍ പരദേവതമാര്‍ മൂവര്‍,ഗുളികന്‍, കാരണവര്‍ തെയ്യം എന്നിവയാണ് കെട്ടിയാടുന്നത്.