രയരമംഗലം ക്ഷേത്രസങ്കേതത്തിനകത്തെ മറ്റൊരു പ്രധാനക്ഷേത്രമാണ് രയമംഗലം കൊട്ടുമ്പുറം വൈരജാത ക്ഷേത്രം.ചെറുവത്തൂരിലെ കുന്നിന് താഴത്ത് ലോകരുടെ സംരക്ഷണാര്‍ത്ഥമാണ് വൈരജാതന്‍ ഇവിടേക്ക് എഴുന്നള്ളിയെന്നാണ് വിശ്വാസം.വടക്കോട് ദര്‍ശനമായിരിക്കുന്ന രയരമംഗലത്ത് ദേവിയുടെ നോക്കിന്റെ അതിതീഷ്ണതയാല്‍ വടക്ക് ചെറുവത്തൂരിന്റെ ധാന്യപ്പുരയായ എടവടക്കം വയലുകള്‍ കത്തിയെരിയുന്ന സാഹചര്യമുണ്ടായി.കൃഷിനാശത്തിനും അതിലൂടെ തങ്ങളുടെ നിത്യജീവിതത്തിനും വെല്ലുവിളി നേരിട്ട ലോകര്‍ ചെറുവത്തൂര്‍ കമ്പിക്കാനത്ത് തറവാട്ടില്‍ കമ്പിക്കാനത്ത് നായര്‍ എന്ന പേരില്‍ കുടികൊള്ളുന്ന വൈരജതാന് മുന്നില്‍ തങ്ങളുടെ സങ്കടം അറിയിച്ചു.
വൈരജാതനോട് രയരമംഗലത്തമ്മയുടെ കണ്ണിലെ അതിതീഷ്ണതയാല്‍ വയലുകള്‍ കത്തിയെരിയുന്നു എന്നും പരിഹാരമാര്‍ഗ്ഗം കാട്ടിത്തരണമെന്നും അപേക്ഷിച്ചു. അത് പ്രകാരം ദേവന്‍ ദേവിയുടെ നോക്കുന്ന വരുന്ന ഇന്നത്തെ കൊട്ടുമ്പുറത്ത്( അല്ലോഹലനെ വധിച്ച സന്തോഷത്താല്‍ ദേവ മനുഷ്യഗണങ്ങളുടെ കൊട്ടും പാട്ടും അരങ്ങേറിയ സ്ഥലം) വന്ന് ഇരിപ്പുറപ്പിക്കുകയും തന്റെ പരിചകൊണ്ട് ദേവിയുടെ നോക്കിനെതടഞ്ഞു നിര്‍ത്തി എടവടക്കം വയലിനെ സംരക്ഷിച്ചു പോരുകയും ചെയ്തു.ദേവന്റെ ഇച്ഛ പോലെ വൈരജാതനീശ്വരനെ കൊട്ടുമ്പുറം പ്രതിഷ്ഠിക്കുകയും മൂവാണ്ട് കളിയാട്ട സമയത്ത് തെയ്യത്തിന് മുക്കാല്‍ നാഴിക മാത്രം സമയം നിശ്ചയിക്കുകയും ചെയ്തു . ഇന്നും നമുക്ക് നോക്കിയാല്‍ കൊട്ടുമ്പുറം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് രയരമംഗലം ക്ഷേത്ര നടക്ക് നേരെയാണ് എന്ന് കാണാന്‍ സാധിക്കും.മേടമാസത്തിലാണ് മൂവാണ്ട് കളിയാട്ടം.
മേടമാസം 28 മുതല്‍ ഇടവം 1 വരെയാണ് ഇവിടെ മൂവാണ്ട് കളിയാട്ടം നടക്കുന്നത്.പിലിക്കോട് തെക്കുംകര തറവാട്ടിലെ തെക്കുംകര കര്‍ണ്ണമൂര്‍ത്തിക്കാണ് കൊട്ടുമ്പുറം വൈരജാതനീശ്വരന്റെ കോലം ധരിക്കാനുള്ള അവകാശം.മേടം 25 ന്‌തെയ്യം കല്‍പ്പിച്ച് കഴിഞ്ഞാല്‍ 28 ന് നടക്കുന്ന കൊടിയിലപിടി ചടങ്ങ് വരെ കര്‍ണ്ണമൂര്‍ത്തി രയരമംഗലം ക്ഷേത്രസമീപമുള്ള കേണോത്ത് തറവാട്ടില്‍ കഠിന വ്രതത്തിലായിരിക്കും.ഇവിടെ നിന്നാണ് കൊടിയില പിടി ചടങ്ങിനായി രയരമംഗലം ക്ഷേത്രത്തിലേക്ക് എത്തുന്നത്.മൂവാണ്ട് കളിയാട്ടത്തില്‍ വൈരജാതനീശ്വരനെ കൂടാതെ ഊര്‍പ്പഴശ്ശി,വേട്ടക്കൊരു മകന്‍,നരമ്പില്‍ ഭഗവതി,കോതോളി ഭഗവതി,ഉദയങ്ങാനത്ത് ഭഗവതി എന്നീ തെയ്യങ്ങളും കൊട്ടുമ്പുറം കെട്ടിയാടാറുണ്ട്.