Hero Image

പിലിക്കോട് ശ്രീ കരക്കകാവ്ഭഗവതി ക്ഷേത്രം

പിലിക്കോട് ദേവസങ്കേതത്തിനകത്തെ തീയ്യസമുദായത്തിന്റെ പ്രധാന ആരാധനാലയമാണ് കരക്കക്കാവ് ഭഗവതിക്ഷേത്രം.ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിക്ക് പിന്നിലെ പുരാവൃത്തം ഇങ്ങനെ..നിലേശ്വരം മന്ദംപുറത്തു കാവിലും മാടായിക്കാവിലും നിവേദ്യം കഴിച്ചുവന്ന ഒരു പ്ടാരന് നിലേശ്വരത്ത് നിന്നും പുറപ്പെട്ട് യഥാസമയം മാടായിക്കാവിലെത്താന്‍ സാധിച്ചില്ല.അയതിനാല്‍ യാത്രാമദ്ധ്യേ കാട്ടൂരുനായരുടെ കരക്കയില്‍ ദീപം വച്ച് നിവേദിച്ചു.നിവേദ്യം കഴിഞ്ഞ് അദ്ദേഹം മടങ്ങുമ്പോള്‍ ഒരു കാലത്ത് ഇതൊരു പള്ളിയറ ആകുമെന്നും ആചാരപ്പെട്ട് കര്‍മ്മങ്ങള്‍ നിവര്‍ത്തിക്കണമെന്നും അരുളപ്പാടുണ്ടായി.

കാട്ടുരുനായര്‍ തിരക്കി വന്നപ്പോള്‍ കത്തുന്ന ദീപം കണ്ടെന്നും മാടായിക്കാവിലമ്മ ഇനി ഇവിടം വിട്ട് പോകില്ലെന്നും മനസിലാക്കി.കരക്കയില്‍ പ്രതിഷ്ഠിച്ച ആ ദേവിയെ കരക്കയില്‍ ഭഗവതിയായി ആരാധിച്ചു വന്നു.രയരമംഗലത്ത് ഉത്സവാഘോഷത്തിനോടനുബന്ധിച്ച് നിരവധി കാര്യങ്ങള്‍ കരക്കക്കാവിനും നിര്‍വഹിക്കാനുണ്ട്.പുരോത്സവ കാലത്ത് വിളക്കിന് കല്‍പ്പിക്കുന്ന ദിവസ്ത്തിന്റെ പിറ്റേന്നും കാര്‍ത്തിക വിളക്കിന് രാവിലെ രയരമംഗലം ക്ഷേത്രം മുതല്‍ കൊട്ടുമ്പുറം വരെയുള്ള സ്ഥലം കുവപ്പണിയും കരക്കക്കാവിന്റെ ഉത്തരവാദിത്തമാണ്.കൂടാതെ കാര്‍ത്തിക വിളക്ക് ദിവസം രാത്രി രയരമംഗലം ക്ഷേത്രത്തിലേക്കും പൂരംകുളി ദിവസം ഏച്ചിക്കുളങ്ങര ആറാട്ടിന് ഏച്ചിക്കുളം വരെയും കരക്കക്കാവിലെ പ്രതിപുരുഷന്മാരും ആചാരക്കാരും എഴുന്നള്ളണം.

മൂവാണ്ട് കളിയാട്ടമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.മേടം 21 മുതല്‍ 24 വരെയാണ് കളിയാട്ടം നടക്കുന്നത്.പുറമെ മൂവാണ്ടിലൊരിക്കല്‍ ധനു 21 ന് നടക്കുന്ന വടക്കെ നടയിലെ ഒറ്റക്കോലം,പൂരം,വിശേഷാല്‍ അടിയന്തിരം എന്നിവയും ക്ഷേത്രത്തില്‍ നടന്നുവരുന്നു.