Hero Image

രയരമംഗലം വടക്കേംവാതില്‍ വീത്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രം

രയരമംഗലം ക്ഷേത്രത്തിന്റെ വടക്കേ നടയാണ് വടക്കേംവാതില്‍.വടക്കേംവാതിലിനോട് സമീപത്തല്ലെങ്കിലും ചടങ്ങുകളില്‍ വടക്കേംവാതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രമാണ് വീത്കുന്ന്.ഈ രണ്ട് ക്ഷേത്രങ്ങളിലെയും ചടങ്ങുകളും ആചാരവും ബന്ധപ്പെട്ട് കിടക്കുന്നതാണ്.വിഷ്ണുമൂര്‍ത്തിയും രക്തചാമുണ്ഡിയും അങ്കക്കുളങ്ങര ഭഗവതയുമാണ് വടക്കേംവാതിലിലെ ദേവതമാര്‍.ഇവിടുത്തെ വിഷ്ണുമൂര്‍ത്തി തന്നെയാണ് വീത്കുന്നിലെത്തുന്നതും.തുലാമാസത്തില്‍ വടക്കേംവാതിലിലെ ഒറ്റക്കോല മഹോത്സവം പൂര്‍ണ്ണമാകുന്നത് വീത്കുന്നിലെ ചടങ്ങ് കൂടി ഉള്‍പ്പെടുമ്പോഴാണ്.

വടക്കേംവാതിലില്‍ അഗ്നിപ്രവേശം നടത്തിയ ശേഷമാണ് വിഷ്ണുമൂര്‍ത്തി കാല്‍നടയായി വീതുകുന്നിലെത്തുന്നത്.വടക്കേംവാതിലിലെ വിഷ്ണുമൂര്‍ത്തി വീത്കുന്നിലെത്തിയതിന് പിന്നില്‍ ഒരു കഥയുണ്ട്.പിലിക്കോട് ദേവസങ്കേതത്തിലെ തന്നെ പ്രദേശമാണ് ഇന്ന് വീതുകുന്ന് എന്നറിയപ്പെടുന്ന മലമ്പ്രദേശം.പണ്ട് ഈ കുന്നില്‍ മുകളില്‍ ഒരു യോഗിവര്യന്‍ പടിഞ്ഞാറ് അറബിക്കടല്‍ ദര്‍ശനമായി ദേശാധിപയായ രയരമംഗലത്തമ്മയെ ധ്യാനിച്ച് തപസ് ചെയ്തിരുന്നു.ഇക്കാലത്താണ് അല്ലോഹലന്‍ എന്ന അസുരന്‍ ഈ പ്രദേശം കീഴടക്കുന്നത്.അതോടെ സന്യാസിവര്യന്റെ കഷ്ടകാലവും തുടങ്ങി.തപസ് മുടങ്ങുന്നത് പതിവായി.സഹികെട്ട യോഗി തന്റെ സങ്കടം രയമംഗലത്തമയോട് ഉണത്തിച്ചു.സന്യാസിയുടെ കണ്ണീരുകണ്ടലിഞ്ഞ രയരമംഗലത്തമ്മ തന്റെ വടക്കേനടയില്‍ സ്ഥാനമുറപ്പിച്ച വിഷ്ണുമൂര്‍ത്തിയോട് കുന്നിന്‍ മുകളില്‍ ചെല്ലാനും ആ അസുരനെ തുരത്താനും നിര്‍ദ്ദേശം നല്‍കി.

ദേവിയുടെ ആജ്ഞ കേട്ട വിഷ്ണുമൂര്‍ത്തി കുന്നിന്‍ മുകളിലേക്ക് പാഞ്ഞുകയറി.അസുരനെ ചവിട്ടിപ്പുറത്താക്കി.അലോഹലനെ പുറത്താക്കിയ ശേഷം രൗദ്രത വെടിഞ്ഞ് ശാന്തനായ വിഷ്ണുമൂര്‍ത്തി കുന്നിന്റെയും പ്രദേശത്തിന്റെയും വശ്യമനോഹാരിതയില്‍ ആകൃഷ്ടനായി.അങ്ങനെ ആ സ്ഥാനം മുന്‍പേതുവായി അവിടെ നിലകൊണ്ടുവെന്നും പിന്നീട് വറക്കോടന്‍ മണിയാണി ആ ചൈതന്യത്തെ കണ്ടെത്തിയെന്നും നീരും നിലവും കൊടുത്ത് ആരാധിച്ച് പോന്നുവെന്നുമാണ് വാമൊഴി. ഇങ്ങനെയാണ് വടക്കേംവാതിലില്‍ നിന്ന് വിഷ്ണുമൂര്‍ത്തി വീത് കുന്നില്‍ എത്തിയത് എന്നാണ് ഐതീഹ്യം.

ഗുരു തപസനുഷ്ഠിച്ച സ്ഥലം വീത്കുന്നില്‍ പ്രത്യേകമായി പ്രധാന പള്ളിയറയ്ക്ക് തെക്ക് ഭാഗത്തായി ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്. ഈ പുരാവൃത്തത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്നും കാല്‍നടയായുള്ള വിഷ്ണുമൂര്‍ത്തിയുടെ യാത്രയും വീതുകന്ന് കയറ്റവും.അഗ്‌നിപ്രവേശം ചെയ്യുന്ന ഒറ്റക്കോലം തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി രൂപത്തിലേക്ക് മാറുന്നതും രാവിലെ അരങ്ങിലെത്തി രാത്രി വൈകുവോളം ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.കൂടാതെ രണ്ട് ക്ഷേത്രങ്ങളിലായി ചടങ്ങ് പൂര്‍ത്തീകരിക്കുന്നതും ഇവിടുത്തെ മാത്രം പ്രത്യേകതയാണെന്നതും ശ്രദ്ധേയം.വറക്കോടന്‍ ആചാരസ്ഥാനികന്റെ നേതൃത്വത്തിലുള്ള ആറ് പേരടങ്ങുന്ന കാവല്‍ക്കാര്‍ എന്നറിയപ്പെടുന്ന സംഘമാണ് ഇരുക്ഷേത്രത്തിന്റെയും മേല്‍നോട്ടം.തുലാം 21,22 തീയ്യതികളിലാണ് വടക്കേംവാതിലിലെ ഒറ്റക്കോല മഹോത്സവം.