രയരമംഗലം ക്ഷേത്രസങ്കേതത്തില്‍ നിന്ന് ഏറെ ദൂരയാണെങ്കിലും അനുഷ്ഠാനത്തിലെ ദൃഡതകൊണ്ട് രയരമംഗലത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ഉപക്ഷേത്രമാണ് കരിവെള്ളൂര്‍ ശ്രീ ആദിമുച്ചിലോട് ഭഗവതിക്ഷേത്രം.കൈലാസനാഥന്റെ പൊന്മകളായി അവതാര പിറവിക്ക് ശേഷം ഭുവനേശ്വരി മഹാദേവന്റെ ആജ്ഞ പ്രകാരം ചെറു മനുഷ്യര്‍ക്ക് വരുന്ന മഹാവ്യാധികള്‍ തടകിയൊഴിപ്പിക്കാന്‍ ഒറ്റ തണ്ടാകുന്ന തേരിലേറി പെരിഞ്ചെല്ലൂര്‍ അമ്പലത്തില്‍ തേരിറങ്ങി പെരിഞ്ചല്ലൂരപ്പനെ തെഴുത് വടക്കോട്ടേക്ക് യാത്രയായി.മുച്ചിലോടന്‍ പെരുവയലും കടന്നു മുച്ചിലോടന്‍ പടനായരുടെ പടിപ്പുരയിലിരുന്നപ്പോള്‍ ദാഹം പെരുത്തു.ഗംഗയെന്ന മണിക്കിണറില്‍ നിന്നും ദാഹം ശമിപ്പിച്ചു. വെള്ളമെടുക്കാന്‍ വന്ന പട നായത്തിക്ക് പൊയ് കണ്ണിന്റെ ഒളിയില്‍ ദര്‍ശനം നല്‍കി. ഇതറിഞ്ഞു വന്ന പടനായര്‍ക്ക് കരിമ്പനയിലും തന്റെ സാന്നിധ്യം അറിയിച്ചു.
പടനായരുടെ പടിഞ്ഞാറ്റയില്‍ മാത്രം കുടികൊണ്ടാല്‍ തന്റെ പിതാവിന്റെ നിയോഗം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നോര്‍ത്ത മുച്ചിലോട്ട് ഭഗവതി കരിവെള്ളൂരപ്പനെ വണങ്ങി പിന്നെയും വടക്കോട്ടേക്ക് യാത്ര തിരിച്ചു.പൂര്‍വകാലബന്ധം എന്നോണം എത്തിച്ചേര്‍ന്നത് രയരമംഗലത്തമ്മയുടെ തിരുനടയിലാണ്.തനിക്ക് ഇവിടെ സ്ഥാനം വേണം എന്ന് അപേക്ഷിച്ചപ്പോള്‍ ശക്തി തെളിയിക്കണം എന്നായി രയരമംഗലത് അമ്മ.രയരമംഗലത്ത് ഭഗവതിയുടെ കാര്യക്കാരനായ കുന്നമംഗലത്തടിയോടിയുടെ സഹകരണത്തോടെ പിലിക്കോട് നാട്ടിലെ പാറ കൊത്തി നുറുക്കി ആറായിരം വാളി നൂറായിരം വിളയിച്ചു മുച്ചിലോട്ടമ്മ അവിടത്തെ പത്തായം നിറച്ചു.അതില്‍ സംപ്രീതയായ രയരമംഗലത് അമ്മ മുച്ചിലോട്ട് ഭഗവതിക്ക് ഇരിക്കാന്‍ പീഠവും പിടിക്കാന്‍ ആയുധവും നല്‍കി ആദരിച്ചു.
കൈവന്ന പ്രതാപ ഐശ്വര്യങ്ങള്‍ നിലനിര്‍ത്താന്‍ ആര്‍ക്കാണ് കാര്യശേഷിയുളളതെന്ന് രയരമംഗലത്തമ്മ തന്റെ സഹവര്‍ത്തിനികളായ സോമേശ്വരിയോടും ചുഴലിഭഗവതിയോടും ആരാഞ്ഞു.രയരമംഗലത്തമ്മ പ്രതീക്ഷിച്ചത് പോലെ ഇരുവരും മുച്ചിലോട്ട് ഭഗവതിയുടെ പേര് പറഞ്ഞു.തന്റെ അധീനതയിലെ കണ്ണങ്കൈ പരപ്പ് മുതല്‍ പാടിയോട്ട്ചാലോളവും മാനായി തോട് മുതല്‍ മണിയന്‍ കിണറോളവും വിശാലമായ നാല് തോരണത്തിനകത്ത് സ്ഥലത്തിന്റെ കാര്യനിര്‍വഹണ ഉത്തരാവദിത്തവും തന്റെ പെട്ടിയും താക്കോലും നാരായവും നല്‍കി കാര്യസ്ഥയാക്കി കൊട്ടാരം പണിത് പ്രഥമ സ്ഥാനവും നല്‍കി.പന്തീരാണ്ട് കാലം അവിടെ സഖികളുമായി വാണു.മുച്ചിലോടിക്ക് കല്യാണപ്രായമായെന്ന് നിരൂപിച്ച രയരമംഗലത്തമ്മ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു.കാര്യങ്ങളുടെ പോക്ക് മാംഗല്യത്തിലേക്കാണെന്ന് മനസിലാക്കിയ മുച്ചിലോട്ട് ഭഗവതി, ഇത് തന്റെ അവതാരോദ്ദേശ്യത്തിന് തടസ്സമാകുമന്ന് ഓര്‍ത്തു.
ഒരുനാള്‍ രയരമംഗലത് എണ്ണ കൂട്ടാന്‍ വന്ന മുച്ചിലോട്ട് ഊരളന്റെ കൂടെ പോകാന്‍ ആഗ്രഹം അറിയിച്ചപ്പോള്‍ ദയരമംഗലത് അമ്മ കല്യാണം കഴിയാത്ത തന്റെ ഓമന സന്തതിക്ക് ഓമന കല്യാണം നിശ്ചയിച്ചു കരിവെള്ളൂരേക്ക് വാണിയന്റെ കൂടെ യാത്രയാക്കി. അങ്ങനെ വാണിയന്റെ എണ്ണതുത്തികയില്‍ ആവേശിച്ച് കരിവെള്ളുരുലെത്തി വാണിയ സമുദായത്തിന്റെ കുലദേവതയായി.മുച്ചിലോട്ടമ്മയായി ദേവിയുടെ അഭീഷ്ടപ്രകാരം പ്രത്യേകം പളളിയറ പണിത് ആരാധിക്കുവാനും തുടങ്ങി.
ഇന്നും രയരമംഗലത്തെ എല്ലാ കാര്യങ്ങള്‍ക്കും മുച്ചിലോട്ട് ഭഗവതിയുടെ സാന്നിധ്യം നിര്‍ബന്ധമാണ്.വര്‍ഷത്തില്‍ അഞ്ചര തവണ മുച്ചിലോട്ടമ്മ ക്ഷേത്രത്തിലേക്ക് എഴുന്നള്ളാറുണ്ട്.തുലാവം കഴിയുന്ന സംക്രമത്തിന് പാട്ട് കൂടാന്‍,വൃശ്ചികം കഴിയുന്ന സംക്രമത്തിന് പാട്ടിന്റെ സമാപനദിവസ കളത്തിലരിക്ക്,കുംഭമാസത്തിലെ പൂയ്യംനാളില്‍ പുരോത്സവത്തിന് വിളക്ക് കൂടാന്‍,പൂവിട്ട വിളക്ക്,കാര്‍ത്തിക വിളക്കിന്,ഏച്ചിക്കുളങ്ങര ആറാട്ടിന് തീക്കുഴിച്ചാല്‍ വരെ.
രോഹിണി നാളിലെ എഴുന്നള്ളത്തില്‍ രയരമംഗലത്തെ കണക്ക് എല്ലാം നോക്കി തീര്‍പ്പാക്കിയ ശേഷം മാത്രമേ കരിവെള്ളൂര്‍ക്ക് മടങ്ങൂ. പൂരം നാളില്‍ തീക്കുഴിചാല്‍ സംഗമം ഈ ദൈവീക ബന്ധത്തിന്റെ നേര്‍ സാക്ഷ്യപത്രം ആണ്.പൂരം കുളി ആറാട്ട് രണ്ടു പേര്‍ക്കും എച്ചിപുഴയില്‍ നീരാട്ട് എന്നതും ശ്രദ്ധേയമാണ്.കരിവെള്ളൂര്‍ പെരുങ്കളിയാട്ടത്തിന് ദീപവും തിരിയും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാ സദ്യ വട്ടങ്ങളും ദയരമംഗലത് അമ്മ കൊടുത്തു വിടുന്നതും പതിവാണ്്.ഒരു വ്യാഴവട്ടക്കാലത്തിന് ശേഷമുള്ള പെരുങ്കളിയാട്ടമാണ് പ്രധാന ഉത്സവം.