യാദവരുടെ ആരാധനാലയങ്ങളില്‍ പ്രധാനപ്പെട്ട ക്ഷേത്രമാണ് പിലിക്കോട് കണ്ണങ്കൈ തട്ടിനുമീത്തല്‍ ശ്രീ വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം.
ക്ഷേത്രനിര്‍മ്മിതിയെക്കുറിച്ചും ദേവിയുടെ ആഗമനത്തെക്കുറിച്ചും പറഞ്ഞുവരുന്ന പുരാവൃത്തം ഇങ്ങനെ..ആര്യനാട്ടില്‍ നിന്നും മരക്കലമേറി മലനാട് കാണാനെത്തിയ ദേവിയും പരിവാരങ്ങളും കുളങ്ങാട്ട് മലയിലെത്തിയ ശേഷം തെക്കോട്ട് നോക്കിയപ്പോള്‍ വേങ്ങക്കോട്ട് കാവ് കണ്ടു.പുഴയുടെ അരികിലൂടെ സഞ്ചരിച്ച് കാവിലെത്തി.കാവില്‍ നിന്നും കണ്ണങ്കൈ കോലാന്റെ കൂടെ കൂടി പിലിക്കോട് വാസമുറപ്പിക്കാന്‍ തീരുമാനിച്ചു.
പിലിക്കോടെത്തി ദേശാധിപത്യം വഹിക്കുന്ന രയരമംഗലത്ത് ഭഗവതിയോട് ആഗ്രഹം ഉണര്‍ത്തിച്ചു.ദേവിയുടെ നിര്‍ദ്ദേശപ്രകാരം കണ്ണങ്കൈ ബ്രാഹ്‌മണന്റെ കന്നിക്കൊട്ടില്‍ ആധാരമായി നിലയുറപ്പിച്ചു.ബ്രാഹ്‌മണകുടുംബം ക്ഷയിച്ചപ്പോള്‍ കണ്ണങ്കൈ കോലാന്‍ പരിപാലിച്ചുപോന്നുവെന്നും പുരാവൃത്തം.ദേവിയുടെ മൊഴിയില്‍ 'അന്ന് എടത്തൂരാഴി മുമ്പേതുമായി കൈയ്യെടുത്തു..ഒരു വ്യാഴവട്ടക്കാലം എരിഞ്ഞ മണല്‍ കൊഴുത്ത മണലാക്കി തപസ്സു ചെയ്തു.അന്ന് ഞാനും എന്റെ ചങ്ങാതിയും നെല്ലിക്കാത്തീയന്‍ തന്ന നാലെളന്നീര് ചീന്തിവച്ചു.അതും പോര എന്ന അവസ്ഥ കരുതി ദയരമംഗലത്ത് ഭഗവതിയുടെ തിരുവുള്ളം കൊണ്ട് വിശേഷിച്ചു..കണ്ണങ്കൈ ബ്രാഹ്‌മണന്റെ കന്നിക്കൊട്ടില്‍ ആധാരമായി നിലയുറപ്പിച്ചു.. എന്നിങ്ങനെ കാണാം.
രയരമംഗലം ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലെല്ലാം വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തിനും നിര്‍വഹിക്കേണ്ടതായ ചുമതലകള്‍ ഉണ്ട്.കേവലസാന്നിദ്ധ്യത്തിനപ്പുറം ഒട്ടേറെ കടമകളും ഉത്തരവാദിത്തങ്ങളുമാണ് വേങ്ങക്കോട്ടുകാര്‍ക്ക് രയരമംഗലത്ത് നിര്‍വഹിക്കാനുള്ളത്.അടിച്ചുതെളിയായിട്ടാണെങ്കിലും മണിയാണി സമുദായത്തിലെ ഒരാള്‍(വറക്കോടന്‍ തറവാട്ടുകാര്‍) ദിവസേന രയരമംഗലത്ത് എത്തണം.ഒരു മാസത്തെ പൂരം കല്‍പ്പിക്കുന്ന ദിവസം ഈ വിവരം കുയില്‍ വിളിയിലൂടെ വറക്കോടന്‍ മാലോകരെ അറിയിക്കണം.ഈ കുയില്‍ വിളി കൈമാറി കൈമാറി കരിവെള്ളൂര്‍ മുച്ചിലോട് വരെ കേള്‍ക്കണമെന്നാണ് വിശ്വാസം.
ക്ഷേത്രത്തില്‍ പൂരക്കളിക്കുള്ള പ്രധാന അവകാശം വേങ്ങക്കോട്ട് ക്ഷേത്രത്തിനാണ്.വേങ്ങക്കോട്ട് പണിക്കര്‍ എന്നാണ് പറയാറുള്ളതെങ്കിലും പണിക്കര്‍ രയരമംഗലത്തേക്കാണ്.പൂരോത്സവകാലത്ത് പന്തലില്‍ കളി മാറി കഴകം കയറണ്ടതും, പൂരമാല ചൊല്ലേണ്ടതും,ആദ്യം പൂരക്കളി കളിക്കേണ്ടതും രയരമംഗലത്താണ്.കൂടാതെ കാര്‍ത്തിക നാളില്‍ അര്‍ധരാത്രിയോടെ വേങ്ങക്കോട്ട് ഭഗവതിയുടെയും ചങ്ങാതിമാരുടെയും പ്രതിപുരുഷന്മാര്‍ അരങ്ങിലിറങ്ങി രയരമംഗലത്തേക്ക് എഴുന്നള്ളണം.പുരംകുളി നാളില്‍ ആറാട്ടിന് മുന്‍പിലായി പന്തം പിടിച്ച് നടക്കേണ്ടതും വേങ്ങക്കോട്ടുകാരാണ്.ഇങ്ങനെ ഇരു ക്ഷേത്രത്തിന്റെയും ബന്ധം ഉറപ്പിക്കുന്ന നിരവധി ചടങ്ങുകള്‍ കാണാവുന്നതാണ്.
ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളക്ക് ശേഷം കൊണ്ടാടുന്ന പെരുങ്കളിയാട്ടമാണ് വേങ്ങക്കോടിലെ പ്രധാന ഉത്സലം.ഒപ്പം പുരംകുളി,പ്രധാന ദിവസങ്ങളിലെ അടിയന്തിരങ്ങള്‍ എന്നിവയും നടന്നുവരുന്നു.