പിലിക്കോട് പടുവളത്തിന് ഏതാണ്ട് ഒരു കിലോമീറ്റര്‍ കിഴക്കായാണ് മാപ്പിടച്ചേരിക്കാവ് സ്ഥിതി ചെയ്യുന്നത്.അല്ലോഹലനെ നിഗ്രഹിക്കാനായി രയരമംഗലത്തമ്മയുടെ ശക്തിയില്‍ നിന്നും ഉയിര്‍കൊണ്ട മകളെ അവതാരോദ്ദേശത്തിന് ശേഷം ലോകം അങ്കക്കുളങ്ങര ഭഗവതിയായി വാഴ്ത്തട്ടെ എന്നനുഗ്രഹിച്ചു.അമ്മ മകള്‍ക്കൊരു ആരൂഡവും കല്‍പ്പിച്ചു നല്‍കി.അതാണ് മഞ്ഞത്തൂര്‍ കാവ്.ഈ അവസരത്തിലാണ് വിഷ്ണുമൂര്‍ത്തിയും രക്തചാമുണ്ഡിയും രയരമംഗലത്തെത്തുന്നത്.ദേവി അവരെ ഉപചാരപൂര്‍വ്വം സ്വീകരിച്ച ശേഷം തന്റെ മകളുടെ അടുത്തേക്കയച്ചു.
അല്ലോഹല നിഗ്രഹം കഴിഞ്ഞെങ്കിലും കലിയടങ്ങാത്ത അങ്കക്കുളങ്ങര ഭഗവതി വിഷ്ണുമൂര്‍ത്തിയും രക്തചാമുണ്ഡിയും തന്റെ അടുക്കലെത്തിയ കാര്യം ശ്രദ്ധിച്ചില്ല.അസഹ്യത തോന്നിയ രണ്ടുപേരും അല്‍പ്പം കിഴക്കു മാറി മറ്റൊരു സങ്കേതത്തില്‍ കുടിയിരുന്നു.അതൊരു ദിവ്യസ്ഥാനമായി മാറി.തന്റെ കോപം അടങ്ങിയ ശേഷം തനിക്ക് സംഭവിച്ച വീഴ്ച്ച തിരിച്ചറിഞ്ഞ അങ്കക്കുളങ്ങര ഭഗവതി അവരുടെ കൂടെ ചേരാനായി അങ്ങോട്ടു പോയി.പരിഭവം തീരാതെ രക്തചാമുണ്ഡി ഇടഞ്ഞു നിന്നെങ്കിലും വിഷ്ണുമൂര്‍ത്തി അനുനയിപ്പിച്ച് മൂവരും പടുവളത്തില്‍ പരദേവതമാരായി ഒരേ പീഠത്തില്‍ ഇരുപ്പുറപ്പിച്ചു.അങ്ങിനെ അവിടം മഹാപീഠച്ചേരിയും പിന്നീട് മാപ്പിട്ടച്ചേരിയുമായി.
ആദ്യകാലത്ത് പുത്തിലോട്ട് നാലില്ലം തന്ത്രിമാരായിരുന്നു ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.അവരുടെ അവസാന നാളുകളില്‍ ക്ഷേത്രത്തിന്റെ കാര്യനിര്‍വഹണം പുതിയടത്തീയനെയാണ് ഏല്‍പ്പിച്ചത്.അവര്‍ സ്ഥലമൊഴിഞ്ഞു പോകുമ്പോള്‍ ക്ഷേത്രത്തിന്റെ താക്കോല്‍ ഒരാള്‍ക്കും കര്‍മ്മത്തിന് അധികാരം മറ്റൊരാള്‍ക്കും കൊടുത്തു.ക്ഷേത്രത്തില്‍ നിത്യ ദീപം വേണ്ടെയെന്ന ചോദ്യത്തിന് മറുപടിയായി വേണ്ടയെന്നും തന്റെ വീട്ടില്‍ വിളക്കുവെച്ച മതിയെന്നും നിര്‍ദ്ദേശം ഉണ്ടായി.താക്കോല്‍ ഏറ്റുവാങ്ങിയ ആള്‍ അന്തിത്തിരിയനും കര്‍മ്മം ഏറ്റുവാങ്ങിയ ആള്‍ എമ്പ്രോനുമായി.കാവിലെ നിത്യദീപത്തിന് പകരം ഇപ്പോഴും ഭണ്ഡാരപ്പുരയിലാണ് വിളക്കുവെക്കുന്നത്.അടിയന്തിര ദിവസങ്ങളിലും കളിയാട്ടത്തിനും മാത്രമെ കാവില്‍ വിളക്കുവെക്കു.കാവിലും പളളിയറകളിലും കര്‍മ്മത്തിന് അവകാശി അന്തിത്തിരിയന്‍ ആണെന്നിരിക്കെ മാപ്പിട്ടച്ചേരിയില്‍ ഈ അവകാശം എമ്പ്രോനാണെന്നത് പ്രത്യേകതയാണ്.
കളിയാട്ടത്തിനുമുണ്ട് പ്രത്യേകത.പൂരത്തെ ആശ്രയിച്ചാണ് ഇവിടുത്തെ കളിയാട്ടം.കളിയാട്ടം കഴിഞ്ഞ് മൂന്നാം വര്‍ഷം മീനമാസത്തിലെ പൂരം നേരത്തെ വന്നാല്‍ അവിടെ കളിയാട്ടം.പൂരം നേരത്തെ വരുന്നത് അടുത്ത വര്‍ഷമാണെങ്കില്‍ ആ വര്‍ഷമായിരിക്കും കളിയാട്ടം.ഇനി അഞ്ചാം വര്‍ഷമാണ് പൂരം നേരത്തെ വരുന്നതെങ്കില്‍ ആ വര്‍ഷം മതി കളിയാട്ടം.മൂന്നിനും അഞ്ചിനും ഇടയില്‍ വരുന്ന ഒരു വര്‍ഷത്തില്‍ കളിയാട്ടമെന്നതാണ് രീതി.മേടം 5 മുതല്‍ 10 വരെയാണ് കളിയാട്ടം.രയരമംഗലത്തിനൊപ്പം തന്നെ മുച്ചിലോടുമായും മാപ്പിട്ടച്ചേരിക്ക് ബന്ധം കാണാവുന്നതാണ്.രയരമംഗലത്തേക്കും മുച്ചിലോടിക്കും ഉള്ള പ്രത്യേകം ദീപങ്ങള്‍ തന്നെ ഇതിന്റ ഉദാഹരണം.കളിയാട്ടം നടക്കുന്ന വര്‍ഷം മുച്ചിലോടിയോടും കളിയാട്ടമുള്ള വിവരം ദൈവനിശ്ചയമെന്നോണം അറിയിച്ച് അനുമതി അഭ്യര്‍ത്ഥിക്കേണ്ടതുണ്ട്.
രയരമംഗലത്തെ പൂരോത്സവ വേളയില്‍ കാര്‍ത്തിക വിളക്ക് ദിവസം രാത്രി പ്രതിപുരുഷന്മാര്‍ അരങ്ങിലിറങ്ങി ആചാരക്കാര്‍ സമേതം രയരമംഗലത്തേക്ക് എഴുന്നള്ളണം.കൂടെ പൂരംകുളി നാളില്‍ കാലിക്കടവ് മുതല്‍ ഏച്ചിക്കുളങ്ങര വരെ രയരമംഗലത്തമ്മയുടെ ആറാട്ടിനെ അനുഗമിക്കുകയും വേണം.കളിയാട്ടത്തിന് പുറമെ പുരം,വിശേഷാല്‍ ദിവസ അടിയന്തിരങ്ങള്‍ എന്നിവയും ക്ഷേത്രത്തിലുണ്ട്.