Hero Image

രയരമംഗലം വേട്ടയ്‌ക്കൊരുമകന്‍ കോട്ടം

രയരമംഗലം ക്ഷേത്രസങ്കേതത്തിനകത്തു തന്നെയാണ് രയരമംഗലം ശ്രീ വേട്ടയ്‌ക്കൊരുമകന്‍ കോട്ടം സ്ഥിതി ചെയ്യുന്നത്.ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് കോട്ടത്തിന്റെ സ്ഥാനം.രയരമംഗലം ക്ഷേത്രത്തിന്റെ ഉത്പത്തിയോട് തന്നെ ചേര്‍ത്തുവായിക്കുന്നതാണ് കോട്ടത്തിന്റ പുരാവൃത്തവും.രയരമംഗലം ക്ഷേത്രത്തിനോളമോ അതില്‍ കൂടുതലോ പഴക്കം കോട്ടത്തിനുണ്ടാകുമെന്നാണ് വിശ്വസിച്ചുപോരുന്നത്.രയരമംഗലം ക്ഷേത്രത്തിന്റെ പുരാവൃത്തത്തില്‍ പശുവും പുലിയും ഒരുമിച്ച് സന്തോഷത്തോടെ വസിക്കുന്ന പ്രദേശത്താണ് കാളകാട് തന്ത്രി വാല്‍ക്കണ്ണാടി പ്രതിഷ്ഠിച്ചതെന്നാണ് പറഞ്ഞുവരുന്നത്.

കാളകാട് തന്ത്രിക്ക് മുന്‍പില്‍ പശുവും പുലിയുമായി വേഷപ്രച്ഛന്നരായി കിടന്നത് വേട്ടക്കൊരുമകനും ചങ്ങാതി ഊര്‍പ്പഴിശ്ശിയുമാണെന്നാണ് വിശ്വാസം.അങ്ങിനെ വരുമ്പോള്‍ പ്രദേശത്ത് രയരമംഗലത്തിന്റെ ആവിര്‍ഭാവത്തിന് മുന്നെ തന്നെ ഈശ്വരന്മാരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നുവേണം അനുമാനിക്കാന്‍.അതിനാല്‍ തന്നെ ക്ഷേത്രത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ചോ ഈശ്വരന്മാരുടെ ആഗമനത്തെക്കുറിച്ചോ ആധികാരികമായി പശ്ചാത്തലം ലഭ്യമല്ല.

തുലാവം പത്തിന് കോട്ടം നട തുറക്കും.11 ന് കിഴക്കിനകത്തുകാരുടെ തെയ്യം,12 ന് താഴത്തെ പാലാട്ടുകരുടെയും 21 ന് തെക്കുംകര കര്‍ണ്ണമൂര്‍ത്തിയുടെയും തെയ്യം.ഒറ്റത്തിറയും വെള്ളാട്ടവുമാണ് ഈ ദിവസങ്ങളില്‍ കെട്ടിയാടുക.ധനു 1 നാണ് മറ്റൊരു ഒറ്റത്തിറയും വെള്ളാട്ടവും നടക്കുന്നത്.കുഞ്ഞിപ്പുരയില്‍ അടിയോടിമാരാണ് അന്നത്തെ നടത്തിപ്പുകാര്‍.മേടം 11 മുതല്‍ 14 വരെയാണ് കോട്ടത്തെ ആണ്ടുകളിയാട്ടം.വേട്ടക്കൊരുമകന്‍,ഊര്‍പ്പഴശ്ശി,വാഴുന്നോന്‍ ദൈവം എന്നിവയാണ് കെട്ടിയാടുന്ന തെയ്യക്കോലങ്ങള്‍.