ശ്രീ രയരമംഗലം ഭഗവതീ ക്ഷേത്രം- ഐതീഹ്യം
സമാനതകളില്ലാത്ത ഐതീഹ്യങ്ങളാല്‍ സമ്പന്നമ്മാണ് ശ്രീ രയരമംഗലം ഭഗവതീ ക്ഷേത്രം.പേരിലെ 'ര' 'ദ 'എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന വൈവിധ്യം ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി മുതല്‍ ഉപക്ഷേത്രങ്ങളുമായുള്ള ബന്ധങ്ങളില്‍ വരെ കാണാവുന്നതാണ്.
പൂര്‍വ്വകാല നാട്ടുമൊഴി വഴക്കങ്ങളില്‍ ദയരമംഗലം ആണ്. ദയരോത്ത് കുളിച്ച് തൊഴലാണ് പതിവ്. നാട്ടുകാര്‍ക്ക് ദയരോത്തച്ചിയും ദയരോത്തമ്മയുമാണ്. ഉപക്ഷേത്രങ്ങളുടെ സംബോധനയും തെയ്യങ്ങളുടെ ഉരിയാട്ടും വഴി നടകളിലെ പരാമര്‍ശവും എല്ലാം ദയരമംഗലം എന്ന് തന്നെ. എന്നാല്‍ ഔദ്യോഗിക രേഖകളിലേക്ക് വരുമ്പോള്‍ രയരമംഗലം ആണ്. ദേവസ്വം രേഖകളില്‍ വരുമ്പോഴും കാണാവുന്നത് രയരമംഗലം എന്നു തന്നെയാണ്.
രൗദ്രവും ശാന്തവും ഏകമായി വിരാജിക്കുന്ന ഉത്തമ ഭൂമിയെന്ന നിലയില്‍ ദര്‍ശന സൗഭാഗ്യം അഗ്രഹിക്കുന്നവരുടെ ധര്‍മ്മച്യുതിയാല്‍ രൗദ്രതയും അവരുടെ സത്യധര്‍മ്മങ്ങളുടെ ശരിയാല്‍ ശാന്തതയും ഈ ദേവിയില്‍ ഉണ്ടെന്നാണ് ജനങ്ങളുടെ വിശ്വാസം. പശുവും പുലിയും കിടന്നതിന്റെ മധ്യത്തിലാണ് കണാടി പ്രതിഷ്ഠ നടന്നത്.ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വിവിധങ്ങളായ ഐതീഹ്യകഥകള്‍ പ്രചരിച്ചുവരുന്നുണ്ടെങ്കിലും ഏറ്റവും പ്രചാരം നേടിയതും ക്ഷേത്രത്തിന്റെ അനുഷ്ഠാന സവിശേഷതകളോടും ചേര്‍ന്ന് നില്‍ക്കുന്ന കഥ ഇപ്രകാരമാണ്.
മാനായിത്തോട് പിടിച്ച് മടിക്കിണറോളം കണ്ണങ്കൈ പരപ്പ് പിടിച്ച് പാടിയോട്ട് ആലോളം വരുന്ന മൂന്നകത്തൂട്ട് അധിപന്റെ ഭൂമിയാണ് രയരമംഗലം ക്ഷേത്ര സങ്കേതം എന്നാണ് ഖ്യാതി.സപ്ത മാതൃപുരം എന്ന് പുകഴ്‌പെറ്റ മണത്തണ എന്ന ദേശത്ത് നിന്നാണ് ദേവി എഴുന്നള്ളിയെന്നാണ് വിശ്വസിച്ച് പോരുന്നത്. മഹാമാന്ത്രികനും ത്രികാലജ്ഞാനിയുമായ കാളകാട് തിരുമേനി തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങി വരുന്ന വേളയില്‍ സന്ധ്യവന്ദനത്തിനായി മണത്തണയിലുള്ള ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങി.
ഈ സമയത്ത് ചെമ്പകപ്പൂവിന്റെ മനോഹാരിതയോട് കൂടിയ ഒരു യുവതിയെ അദ്ദേഹം കാണാനിടയായി.പക്ഷെ ആദ്യ കാഴ്ച്ചയില്‍ തന്നെ അതൊരു സാധാരണ സ്ത്രീ അല്ലെന്ന് തിരുമേനിക്ക് മനസിലായി. അപ്പോള്‍ അ സ്ത്രീ രൂപം തിരുമേനിയോട് തേച്ച് കുളിക്കാന്‍ താളി വേണോ ചോദിച്ചു.. തുടര്‍ന്ന് അദ്ദേഹത്തെ പരീക്ഷിക്കാന്‍ അ സ്ത്രീ രൂപം താളി അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.തന്നെ പരീക്ഷിക്കാന്‍ ആണ് താളി തന്നത് എന്ന് തിരിച്ചറിഞ്ഞ സിദ്ധന്‍ അത് തലയില്‍ തേയ്ക്കുന്നതിന് പകരം അത് ദേവിയുടെ തൃമധുരമാണെന്ന് സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ സേവിച്ചു.തന്റെ പരീക്ഷണത്തില്‍ വിജയിച്ച കാളകാടിന്റെ മുന്നില്‍ ദേവി യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
സംപ്രീതയായ ദേവി അദ്ദേഹത്തിന് തന്റെ സാന്നിദ്ധ്യം പ്രദാനം ചെയ്യുന്ന ശൂലം, കണ്ണാടി, കിരീടം എന്നിവ നല്‍കുകയും പശുവും പുലിയും ഐക്യത്തോടെ ഒരുമിച്ച് കിടക്കുന്ന സ്ഥലത്ത് മൂന്ന് സാന്നിദ്ധ്യ വസ്തുക്കളും പ്രതിഷ്ഠിക്കാനും ആവശ്യപ്പെട്ടു. ദേവിയുടെ ആഞ്ജ ശിരസ വഹിച്ച കാളകാട് ഇല്ലത്തെ ബ്രാഹ്‌മണ ശ്രേഷ്ഠന്‍ അവിടെ നിന്നും യാത്ര ആരംഭിച്ചു.
കാതങ്ങള്‍ താണ്ടി ധര്‍മ്മശാലയ്ക്ക് അടുത്തുള്ള മാങ്ങാട്ട് പറമ്പ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ദേവി പറഞ്ഞത് പോലെ പശുവിനെയും പുലിയെയും ഒരുമിച്ച് കാണുകയും ആദ്യം നല്‍കിയ ശൂലം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. പിന്നെയും അദ്ദേഹം യാത്ര തുടര്‍ന്നു. അങ്ങിനെ അദ്ദേഹം പിലിക്കോട് ദേശത്ത് എത്തിച്ചേര്‍ന്നു. ബ്രാഹ്‌മണ ശ്രേഷ്ഠന്റെ വരവ് മുന്‍കൂട്ടി കണ്ട ഊര്‍പ്പഴശ്ശിയും വേട്ടക്കൊരു മകനും പുലിയുടെയും പശുവിന്റെയും രൂപത്തില്‍ ആല്‍ത്തറയില്‍ കിടന്നു.
പശുവിനെയും പുലിയെയും ഒരുമിച്ച് കണ്ട ബ്രാഹ്‌മണ ശ്രേഷ്ഠന്‍ ദേവി രണ്ടാമതായി നല്‍കിയ കണ്ണാടി ആല്‍ത്തറയില്‍ പ്രതിഷ്ഠിച്ചു. കയ്യില്‍ അവശേഷിച്ച കിരീടം ഇല്ലത്തേക്ക് കൊണ്ട് പോവുകയും അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. പിലിക്കോട് തിരിച്ചെത്തി പ്രതിഷ്ഠ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം, ക്ഷേത്രത്തിന്റെ നടത്തിപ്പും ഭരണാധികാരവും ദേശാധികാരി കുന്നമംഗലത്ത് മന്നനായ ദയരനെ ഏല്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി.ഇങ്ങനെ ദയരന്റെ നാമത്തില്‍ നിന്നാണ് ക്ഷേത്രത്തിനും 'ദയരമംഗലം' എന്ന പേര് ലഭിക്കുന്നത്. അടിയോടി പ്രഭുക്കന്മാരായ കുന്നമംഗലത്ത് മന്നന്റെ പിന്തുടര്‍ച്ചക്കാരാണ് ക്ഷേത്രത്തിലെ പ്രധാന ഊരാള വിഭാഗമായ കുന്നമംഗലത്ത് അടിയോടിമാര്‍.