Hero Image

പിലിക്കോട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം(ചീര്‍മ്മക്കാവ്)

ആശാരി,മൂശാരി,കൊല്ലന്‍ എന്നീ വിഭാഗക്കാരുടെ പ്രധാന ക്ഷേത്രമാണ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം.ദയരോത്താശാരിയും വയലിലെകൊല്ലനും ഇരിക്കാന്‍ പീഠവും പിടിപ്പാന്‍ ആയുധവും കൊടുത്ത് ഭദ്രദീപം കൊളുത്തി കുടിയിരുത്തിയ ചൈതന്യ ശക്തിയാണ് ശ്രീ കുറംബയെന്നാണ് നടമൊഴിയില്‍ സൂചിപ്പിക്കുന്നത്.വളരെ പണ്ടുകാലം മുതല്‍ക്കെ രയരമംഗലം ക്ഷേത്രത്തിന്റെ നിര്‍മ്മാണ ജോലികള്‍ ചെയ്തു വന്നത് ശ്രീ കുറുംബ ക്ഷേത്ര അവകാശകളായിരുന്നുവത്രെ.ഒന്നും രണ്ടും അവകാശികള്‍ ദാരുശില്‍പ്പ വേലകളും മൂന്നാം അവകാശി ഇരുമ്പുപണികളും ചെയ്തു പോരുന്നു.

കുറുംബക്കാവില്‍ നടക്കുന്ന എല്ലാ അടിയന്തിര കര്‍മ്മങ്ങള്‍ക്കും ഭണ്ഡാരപ്പുരയില്‍ നിന്നും പുറപ്പെടുന്ന ക്ഷേത്രേശന്മാര്‍ ദീപത്തോടു കൂടി രയരമംഗലം തിരുനടയില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് കാവിലെത്തുന്നത്.നടതുറക്കല്‍,തട്ടുവഴക്കം,തുലാഭാരം മുതലായ പ്രത്യേക ചടങ്ങുകള്‍ക്ക് രയരമംഗലം വഴക്കം മുറതെറ്റാതെ ചെയ്തുവരുന്നു.തുലാഭാരം നടന്നാല്‍ തട്ടുപണം വെക്കുന്ന തുകയില്‍ ഒരു വിഹിതം രയരമംഗലത്തേക്ക് സമര്‍പ്പിച്ചുവരുന്നു.

കൂടാതെ മീനമാസത്തിലെ കാര്‍ത്തിക നാളില്‍ കാവില്‍ നിന്നും ആചാരക്കാര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.ഒപ്പം പുരംകുളി നാളില്‍ രയരമംഗലത്തമ്മയുടെ ഏച്ചിക്കുളങ്ങര ആറാട്ടില്‍ തീക്കുഴിച്ചാല്‍ വരെ കുറുംബക്കാവിലെ ആചാരക്കാരും ആറാട്ടിനെ അനുഗമിക്കണം.ഇപ്പോള്‍ ക്ഷേത്രത്തില്‍ പ്രതിപുരുഷന്മാര്‍ ഇല്ലാത്തതിനാല്‍ തന്നെ വ്രതം നോല്‍ക്കുന്ന വാല്യക്കാരാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നത്.

ചുറ്റുമതിലിനകത്ത് അഞ്ച് പള്ളിയറകളാണ് ഉള്ളത്.ചീര്‍മ്മ ഭഗവതി,ഇളയ ഭഗവതി,ഘണ്ടാകര്‍ണ്ണനും ദണ്ഡനും,നാലാം പള്ളിയറയില്‍ വിഷ്ണുമൂര്‍ത്തിയും രക്തചാമുണ്ഡിയും,അഞ്ചാംപള്ളിയറയില്‍ അക്കോട്ട ചാമുണ്ഡിയും ചുറ്റു മതിലിന് പുറത്ത് ഗുളികനുമാണുള്ളത്.

കുംഭമാസത്തിലെ ഭരണിയാണ് പ്രധാന ഉത്സവം.ഇതിന് പുറമെ മീനം 2 പ്രതിഷ്ഠാ ദിനം,വിഷു സംക്രമം,കന്നിയിലെ പുത്തരിയും വൈപ്പുത്തരിയും എന്നിവയും നടത്തിപ്പോരുന്നു.