Hero Image

കൊടക്കാട് പണയക്കാട്ട്ഭഗവതി സ്ഥാനം

കൊടക്കാട് പണയക്കാട്ട് ഭഗവതി സ്ഥാനവും രയരമംഗലം ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ്.പണയക്കാട്ട് ഭഗവതി സ്ഥാനത്തിന്റെ സമ്പൂര്‍ണ്ണ സംരക്ഷണം പുരാതന കാലം മുതല്‍ക്കെ പലേരി തറവാട്ടുകാര്‍ക്കാണ്.പലേരി കാരണവരുടെ ഓലക്കുടയാധാരമായത്രെ പണയക്കാട്ട് ഭഗവതി കൊടക്കാടേക്ക് എഴുന്നള്ളിയത്.കൊടക്കാട് പലേരി വീട്ടുകാര്‍ രയരമംഗലത്തെ ഊരാളനായ കുന്നമംഗലത്ത് മന്നന്റെ സന്തതി പരമ്പരയില്‍ പെട്ടവരാണ്.സന്താന പരമ്പരയുടെ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും വേണ്ടി പിലിക്കോട് കുന്നമംഗലത്ത് മന്നനാണ് കൊടക്കാട് പണയക്കാട്ട് ഭഗവതി പ്രതിഷ്ഠയ്ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ചത്.

ഇത്തരത്തിലാണ് രയരമംഗലം ക്ഷേത്രവും കൊടക്കാട് പണയക്കാട് ഭഗവതി സ്ഥാനവും ബന്ധപ്പട്ട് കിടക്കുന്നത്.രയരമംഗലം ക്ഷേത്രത്തിലെ ഇളയച്ഛനാണ് ക്ഷേത്രത്തിന് കീഴിലെ ഭൂതാലയങ്ങളില്‍ സാന്നിദ്ധ്യം കൊണ്ട് അലങ്കരിക്കേണ്ടത്.കൊടക്കാട് പണയക്കാട്ട് സ്ഥാനത്ത് ഇളയച്ഛനെ 'അച്ഛന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.പണയക്കാട്ട് ഭഗവതിക്ക് അഭിമുഖമായി ഇളയച്ഛന് പ്രത്യേക സ്ഥാനം നീക്കിവച്ചിട്ടുണ്ട്.അതിന് സമീപത്തായി തന്നെ രയരമംഗലത്ത് ഭഗവതിയുടെ സങ്കല്‍പ്പത്തില്‍ ഭദ്രദീപം പ്രകാശിക്കുന്ന വിളക്കും കാണാം.

പുനപ്രതിഷ്ഠ,കളിയാട്ടം,ആചാരപ്പെടല്‍,പുരോത്സവം തുടങ്ങിയ അവസരങ്ങളില്‍ ഇളയച്ഛന്റെ സാന്നിദ്ധ്യം പണയക്കാട്ട് അത്യന്താപേക്ഷിതമാണ്.കളിയാട്ടത്തിന് മുന്നോടിയായി ഭഗവതിയുടെ കോമരവും,സ്ഥാനികരും രയരമംഗലം ക്ഷേത്രത്തിലെത്തി ഭഗവതിയെയും അച്ഛനെയും വന്ദിച്ച് സമ്മതം വാങ്ങുന്ന ചടങ്ങുമുണ്ട്.നിറ,പുത്തരി എന്നിവയ്ക്കും രയരമംഗലത്തെ കല്‍പ്പനായാണ് പണയക്കാട്ടും.കാര്‍ത്തിക വിളക്ക് ദിവസം രയരമംഗലം ക്ഷേത്രത്തിലെ പൂരക്കളി,സ്ഥാനത്തിന്റെ പേരില്‍ പായസവും ഭണ്ഡാരസമര്‍പ്പണവും നിര്‍വഹിക്കേണ്ടതാണ്.

സംക്രമ അടിയന്തിരത്തിന് പുറമെ വര്‍ഷാവര്‍ഷം ഉള്ള മൂന്നു ദിവസത്തെ കളിയാട്ടമാണ് പ്രധാന വിശേഷദിവസം.